ചങ്ങനാശേരി: ഛത്തീസ്ഗഡിലെ റായിപ്പൂരില്‍ സമാപിച്ച ദേശീയ ഫെഡറേഷന് കപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജിന് അഭിമാനനേട്ടം. ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പത് മെഡലുകള്‍ സ്വന്തമാക്കി കോളജ് വോളിബോള്‍ ചരിത്രത്തില്‍ ചരിത്രംകുറിച്ചു.
ഈ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ദേശീയ ചാമ്പ്യന്മാരായപ്പോള് കേരള ടീമിലെ നാലു താരങ്ങള്‍ അസംപ്ഷന്റെ സ്വന്തം താരങ്ങളായിരുന്നു. മുന്‍ താരങ്ങളായ അന്ന മാത്യു, ആര്യ ആര്., എയ്ഞ്ചല്‍ തോമസ് എന്നിവര്‍ക്കൊപ്പം ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ അവന്തിക ശ്രീജിത്തും കേരള ടീമിന്റെ വിജയയാത്രയില്‍ നിര്‍ണായക പങ്കുവഹിച്ചു.
അതേസമയം ഫെഡറേഷന് കപ്പില്‍ മൂന്നാം സ്ഥാനം നേടിയ ഇന്ത്യന്‍ യൂണിവേഴ്സിറ്റി ടീമിലും അസംപ്ഷന്റെ ശക്തമായ സാന്നിധ്യം പ്രകടമായി. രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിയായ അല്‍ന രാജ്, മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനികളായ അനാമിക പി., രേവതി നമ്പ്യാര്‍, രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി പവിത്ര ആര്., മുന്‍ താരമായ മഹേശ്വരി അര്‍ച്ചന എന്നിവരാണ് ഇന്ത്യന്‍ യൂണിവേഴ്സിറ്റി ടീമിന്റെ മെഡല്‍ നേട്ടത്തില്‍ പങ്കാളികളായത്. ഒരേ ചാമ്പ്യന്‍ഷിപ്പില്‍ ഒരേ സ്ഥാപനത്തില്‍ നിന്നുള്ള ഇത്രയും താരങ്ങള്‍ മെഡല്‍ നേടുന്നത് ഇന്ത്യയുടെ വോളിബോള്‍ ചരിത്രത്തില്‍ അപൂര്‍വമാണ്. കൂടാതെ രേവതി നമ്പ്യാര്‍ ഈ ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച യൂണിവേഴ്സല്‍ അറ്റാക്കറായും തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യന്‍ യൂണിവേഴ്സിറ്റി ടീമിന്റെ പരിശീലകനായി നിയോഗിക്കപ്പെട്ടത് അസംപ്ഷന്‍ കോളജിലെ സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബോള്‍ അക്കാദമിയുടെ പരിശീലകനായ നവാസ് വഹാബാണ്. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ടീമിന്റെ അന്തര്‍ സര്‍വകലാശാല മത്സരങ്ങളിലെ മികച്ച പ്രകടനവും അദ്ദേഹത്തിന്റെ പരിശീലന മികവും ദേശീയ തലത്തില്‍ അംഗീകാരം നേടാന്‍ വഴിയൊരുക്കി.